വാഹനങ്ങളിൽ ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഇത്തവണ സെഞ്ച്വറി എസ്‌യുവിയാണ് ടൊയോട്ട ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ് റോൾസ് റോയ്സ് എന്ന വിളിപ്പേരിലും ടൊയോട്ട സെഞ്ച്വറി അറിയപ്പെടാറുണ്ട്. എസ്‌യുവി റേഞ്ച് റോവർ, മെഴ്സിഡസ്-മെയ്ബാക്ക് ജിഎൽഎസ്, റോൾസ്-റോയ്സ് കളളിനൻ എന്നിവയാണ് സെഞ്ച്വറി എസ്‌യുവിയുടെ പ്രധാന എതിരാളികൾ.
നിരവധി പ്രത്യേകതകളുമായാണ് സെഞ്ച്വറി എസ്‌യുവി ആഗോള വിപണിയിൽ എത്തിയത്. നാല് സീറ്റുകൾ ഉള്ള കാറിന്റെ നീളം 5.2 മീറ്ററും, വീതി 1.9 മീറ്ററുമാണ്. കറങ്ങുന്ന പിക്നിക് ടേബിളും, 11.6 ഇഞ്ച് ടിവി, റഫ്രിജറേറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇൻഫോടെയിൻമെന്റിനും ഇൻസ്ട്രുമേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 18 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ റിയർ വ്യൂ മിറർ തുടങ്ങി നിരവധി സവിശേഷതകളും ലഭ്യമാണ്. ജപ്പാൻ വിപണിയിൽ 1967 മുതലുള്ള വാഹനമാണ് സെഞ്ച്വറി. നിലവിൽ, സെഞ്ച്വറി സെഡാൻ മാത്രമാണ് കമ്പനി പുറത്തിറക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് സെഞ്ച്വറി എസ്‌യുവിയും എത്തിയിരിക്കുന്നത്.