വീട്ടിലിരുന്നുള്ള ജോലി മതിയാക്കിക്കോളൂ! ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശിച്ച് ഐടി കമ്പനികൾ


കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച്, ജോലിക്കാരോട് തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് താഴെക്കിടയിലും, മധ്യ- നിരയിലുമുള്ള ജീവനക്കാരോട് മാസത്തിൽ 10 ദിവസം ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തിരഞ്ഞെടുത്ത മേഖലകളിലെ ചില ജീവനക്കാർക്ക് തുടർന്നും വർക്ക് ഫ്രം ഹോം അനുവദിക്കുന്നതാണ്.

നവംബർ 20 മുതലാണ് ജീവനക്കാരോട് ഓഫീസിൽ എത്താൻ ഇൻഫോസിസ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇമെയിൽ മുഖാന്തരം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു ഐടി കമ്പനിയായ വിപ്രോ നവംബർ 15 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ജീവനക്കാരോട് ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ജീവനക്കാരോട് ഓഫീസിൽ എത്താൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഫോസിസിന്റെയും വിപ്രോയുടെയും പുതിയ പ്രഖ്യാപനം. ഐടി കമ്പനികളുടെ പുതിയ നയത്തിൽ ജീവനക്കാരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്ന് വർഷത്തോളം വീട്ടിലിരുന്ന് തൊഴിൽ എടുക്കുന്ന പല ജീവനക്കാരും തിരിച്ച് ഓഫീസിലേക്ക് എത്താൻ വൈമനസ്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.