കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടന് 23 വര്‍ഷം തടവ്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കാരിയായ സ്വന്തം മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
കേസ് പരിഗണിച്ച തളിപ്പറമ്പ് പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി പോക്‌സോ നിയമപ്രകാരമുള്ള 7 സെക്ഷന്‍ അനുസരിച്ചുള്ള കുറ്റം ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നതായി കണ്ടെത്തി. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജേഷ് ആര്‍ ആണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. 2021ല്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2021 മാര്‍ച്ചിനും നവംബറിനുമിടയ്ക്കാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തെ എതിര്‍ത്തപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെയും അമ്മയെയും കൊല്ലുമെന്നും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം വിചാരണ സമയത്ത് കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന് ആരോപിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു. പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഐപിസി സെക്ഷന്‍ 354, 354 എ(1), 506 എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒപ്പം പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റവും നിലനില്‍ക്കുന്നു.
ശ്രീകണ്ഠാപുരം എസ്എച്ച്ഒ സുരേഷന്‍ ഇപിയും സബ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ് കെവിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.