IPL ൽ ഗുജറാത്ത് ജയന്റ്സിന്റെ കണ്ണിലുണ്ണി; കന്നി ലോകകപ്പിൽ പാകിസ്ഥാനെ വട്ടംകറക്കിയ നൂർ അഹമ്മദ് എന്ന പതിനെട്ടുകാരൻ
പാകിസ്താനെ വട്ടം കറക്കിയ പതിനെട്ടുകാരനാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. നൂർ അഹമ്മദ് ലഖൻവാൾ എന്ന അഫ്ഗാൻ യുവ സ്പിന്നർ 49 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേട്ടവുമായാണ് കന്നി ലോകകപ്പ് മത്സരം അവിസ്മരണീയമാക്കിയത്.
പതിനെട്ടാം ഓവറിലാണ് പതിനെട്ടുകാരൻ നൂർ അഹമദിനെ അഫ്ഗാൻ ക്യാപ്റ്റൻ പന്തേൽപ്പിക്കുന്നത്. ഇടങ്കയ്യൻ റിസ്റ്റ് ആം സ്പിന്നറെ അത്ര ഗൗരവത്തോടെ പാകിസ്താൻ കണ്ടോ എന്ന് സംശയിക്കണം. ആദ്യ 2 ഓവറിൽ 12 റൺസ് വഴങ്ങി നൂർ. ബൗളിംഗ് എൻഡ് മാറി നൂർ എത്തിയതും കഥ മാറി.
പാകിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ; എട്ട് വിക്കറ്റിന് ജയം
58 റൺസുമായി കുതിക്കുകയായിരുന്ന അബ്ദുള്ള ഷെഫീഖ് ആദ്യ ഇര. ആ ഓവറിൽ നൂർ വിട്ടുകൊടുത്തത് ഒരു റൺ. അടുത്ത ഓവറിൽ പാക് റൺമെഷീൻ മുഹമ്മദ് റിസ്വാൻ.
2 വിക്കറ്റുകൾ പിഴുത നൂറിനെ പിന്നീട് കരുതലോടെ നേരിട്ടു പാകിസ്താൻ. ബാബർ അസം 60 റൺസിൽ നിൽക്കെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. എന്നാൽ അടുത്ത വട്ടം ബാബറിന് പിഴച്ചു. എക്സ്ട്രാ കവറിൽ നബിയുടെ കയ്യിൽ പാക് ക്യാപ്റ്റൻ ഒതുങ്ങി.
ഐപിഎല്ലിൽ ഗുജറാത്ത് ജയന്റ്സിന്റെ സീരിയൽ കില്ലറാണ് നൂർ അഹമദ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ വജ്രായുധം. ആദ്യ ഐപിഎൽ സീസണിൽ തന്നെ 16 വിക്കറ്റുകൾ വീഴ്ത്തിയ നൂർ അഹമദ് ഭാവിയുടെ താരമെന്ന് അന്നേ വിശേഷിപ്പിക്കപ്പെട്ടു.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ലീഗുകളിൽ കളിച്ച് തിളങ്ങിയിട്ടുണ്ട് നൂർ. പതിനാറാം വയസിലാണ് ബിഗ്ബാഷ് ലീഗിലേക്കുള്ള ചൈനമാൻ ബൗളറുടെ രംഗപ്രവേശം. അഫ്ഗാനിൽ പിറന്ന മറ്റൊരു ക്രിക്കറ്റ് അദ്ഭുതമാണ് നൂർ എന്ന് ബോധ്യപ്പെടുത്തുന്നു ഈ ലോകകപ്പ് അരങ്ങേറ്റം.