World cup | ദക്ഷിണാഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്; ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ 229 റൺസിന് തകർത്തു


മുംബൈ: നെതർലൻഡ്സിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ഗംഭീര തിരിച്ചുവരവ് നടത്തി. ഇംഗ്ളണ്ടിനെ 229 റൺസിനാണ് ദക്ഷിണാഫ്രിക്ക തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഏഴ്‌ വിക്കറ്റിന്‌ 399 റണ്ണെടുത്തു. ഇംഗ്ളണ്ടിന്‍റെ മറുപടി ബാറ്റിങ് 22 ഓവറിൽ 170 റൺസിൽ അവസാനിക്കുകയായിരുന്നു.

ഹെൻറിച്ച് ക്ലാസാന്റെ (67 പന്തില്‍ നാല്‌ സിക്‌സറും 12 ഫോറുമടക്കം 109) തകർപ്പൻ സെഞ്ചുറിയും മാര്‍കോ യാന്‍സന്റെ (42 പന്തില്‍ ആറ്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 75 റണ്ണും രണ്ട്‌ വിക്കറ്റും) ഓള്‍റൗണ്ട്‌ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം സമ്മാനിച്ചത്. ഹെന്റിച്ച് ക്ലാസാനാണ് മാൻ ഓഫ് ദ മാച്ച്.

ഒരുഘട്ടത്തിൽ എട്ടിന് 100 എന്ന നിലയിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ വാലറ്റക്കാരായ ഗുസ്‌ ആറ്റ്‌കിന്‍സണും (21 പന്തില്‍ 35) മാര്‍ക്‌ വുഡും (17 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 43) ചേർന്ന് നടത്തിയ പോരാട്ടമാണ് തോൽവിയുടെ ആക്കം കുറയ്ക്കാൻ സഹായിച്ചത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് വിക്കറ്റെടുത്ത ജെറാള്‍ഡ്‌ കോട്‌സീയാണ് ഇംഗ്ലണ്ടിനെ തകർക്കാൻ നേതൃത്വം നൽകിയത്. ലുങ്കി എങ്കിഡി, യാന്‍സന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും കാഗിസോ റബാഡ, കേശവ്‌ മഹാരാജ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവും സ്വന്തമാക്കി.

വമ്പൻ വിജയലക്ഷ്യം തേടി ബാറ്റിങ് തുടങ്ങിയ നിലവിലെ ജേതാക്കൾക്ക് ഓപ്പണർ ജോണി ബെയര്‍സ്‌റ്റോയെയാണ് (10) ആദ്യം നഷ്ടമായത്. വാന്‍ ഡര്‍ ഡസന്റെ കൈയിലെത്തിച്ച്‌ ലുങ്കി എങ്കിഡിയാണ് ബെയർസ്റ്റോയെ പുറത്താക്കിയത്. പിന്നാലെ വന്ന ജോ റൂട്ടിനെ (രണ്ട്‌) യാന്‍സന്‍ നിലയുറപ്പിക്കും മുമ്പ് ഡേവിഡ്‌ മില്ലറുടെ കൈയിലെത്തിച്ചു.

അധികം വൈകാതെ ഓപ്പണര്‍ ഡേവിഡ്‌ മാലാനെയും (ആറ്‌) യാന്‍സന്‍ മടക്കി. അതോടെ ഇംഗ്ലണ്ട് മൂന്നിന്‌ 24 റൺസെന്ന നിലയിലായി. ബെന്‍ സ്‌റ്റോക്‌സ് (അഞ്ച്‌), ഹാരി ബ്രൂക്‌ (17), നായകന്‍ ജോസ്‌ ബട്ട്‌ലര്‍ (15), ഡേവിഡ്‌ വില്ലി (12), ആദില്‍ റഷീദ്‌ (10) എന്നിവരും ചെറുത്തുനിൽപ്പ് കൂടാതെ കീഴടങ്ങിയതോടെ ഇംഗ്ലണ്ട് എട്ടിന് 100 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. റൺസൊഴുക്കുമെന്ന് ഉറപ്പായിരുന്ന വിക്കറ്റിൽ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (നാല്‌) തുടക്കത്തില്‍ തന്നെ റീസ്‌ ടോപ്‌ലെ പുറത്താക്കി പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് കഥ മാറുന്നതാണ് കണ്ടത്. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സും (75 പന്തില്‍ മൂന്ന്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 85) റാസി വാന്‍ ഡര്‍ ഡസനും (61 പന്തില്‍ 60) ചേര്‍ന്ന്‌ തകർപ്പൻ ബാറ്റിങ് കെട്ടഴിച്ചു. ഇവരുടെ സെഞ്ചുറി കൂട്ടുകെട്ട്‌ ദക്ഷിണാഫ്രിക്കയ്‌ക്കു മികച്ച അടിത്തറ നല്‍കി. ഡസനെ ആദില്‍ റഷീദ്‌ പുറത്താക്കി. പിന്നാലെ വന്ന നായകന്‍ എയ്‌ഡൻ മര്‍ക്രാമും (44 പന്തില്‍ 42) മധ്യഓവറുകളിൽ മികച്ച ബാറ്റിങ് കെട്ടഴിച്ചു. ഹെന്‍ഡ്രിക്‌സ് മടങ്ങിയതോടെയാണ്‌ ക്ലാസാന്‍ ക്രീസിലെത്തിയത്‌.

വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഡേവിഡ്‌ മില്ലറെ (അഞ്ച്‌) ടോപ്‌ലെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക അൽപ്പം പ്രതിരോധത്തിലായി. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്ലാസനും യാൻസനും ചേർന്ന് ഇംഗ്ലീഷ് ബോളിങ് നിരയെ തല്ലിത്തകർക്കുകയായിരുന്നു. പേസെന്നോ സ്പിന്നെന്നോ വ്യത്യാസമില്ലാതെ പന്തുകൾ നിരനിരയായി ഗ്യാലറിയിലെത്തി. അതിനിടെ ഫിറ്റ്നസ് മോശമായെങ്കിലും അത് വകവെക്കാതെ ക്ലാസൻ സെഞ്ച്വറി പൂർത്തിയാക്കി.

ഇംഗ്ലണ്ടിന്‍റെ അതിവേഗ ബോളർ മാർക്ക് വുഡിനെ നിരവധി തവണ ക്ലാസൻ അതിർത്തിയിലേക്ക് പായിച്ചു. ഒടുവിൽ ക്ലാസനെ ആറ്റ്‌കിന്‍സനാണ്‌ പുറത്താക്കിയത്‌. അവസാന ഓവറുകളിൽ യാൻസൻ തകർത്തടിച്ചതോടെ സ്കോർ 399ൽ എത്തുകയായിരുന്നു. ജെറാള്‍ഡ്‌ കോയ്‌റ്റ്സി (മൂന്ന്‌) പുറത്തായപ്പോള്‍ കേശവ്‌ മഹാരാജ്‌ (ഒന്ന്‌) പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറാണ്‌ മുംബൈയില്‍ പിറന്നത്‌. അവസാന 56 പന്തില്‍ 138 റണ്ണാണു ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്‌. യാന്‍സന്റെ വെടിക്കെട്ട്‌ ബാറ്റിങ്‌ ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇംഗ്ലണ്ടിനായി റീസി ടോപ്‌ലെ മൂന്ന്‌ വിക്കറ്റും ഗുസ്‌ ആറ്റ്‌കിന്‍സന്‍, ആദില്‍ റഷീദ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.