തലസ്ഥാനത്തെ ആ തിരക്ക് വീണ്ടും വരുമോ? മണിച്ചിത്രത്താഴിന്റെ ശില്പികളായ ഫാസിലും മധു മുട്ടവും ഒരുമിക്കുന്നുവെന്ന് സൂചന
മണിച്ചിത്രത്താഴ് (Manichithrathaazhu) റിലീസ് ചെയ്ത വർഷം മുതൽ കൂട്ടിയാൽ അടുത്ത മാസം 30 കൊല്ലങ്ങൾ തികയും. ആ വർഷം ജനിച്ചവരെ കൂട്ടിയാൽ പോലും, സ്കൂൾ, കോളേജ് പഠനം കഴിഞ്ഞ് ജോലിയും ജീവിതവും ആരംഭിച്ചവരുണ്ടാകും. അത്രയും കാലം പഠിച്ച ഒരു പുസ്തകം അവരിൽ എത്രപേർക്ക് കാണാപാഠം ആയിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ പാടായിരിക്കും എങ്കിലും, മണിച്ചിത്രത്താഴിലെ സീനുകൾ അവർ എത്രത്തോളം ഓർക്കുന്നു എന്ന് ചോദിച്ചാൽ ഒരുപക്ഷെ മറുപടിയുണ്ടാകും.
ഇത്രകണ്ട് കാണാപാഠം പഠിച്ച സിനിമയാണെങ്കിലും എത്രതവണ ടി.വിയിൽ കാണിച്ചാലും വീണ്ടും ഇരുന്നു കാണുന്ന മലയാളികളില്ലേ? അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരത്തു നടക്കുന്ന ‘കേരളീയം’ വേദിയിൽ നിലത്തിരുന്നു പോലും ചിത്രം കണ്ട തിങ്ങി നിറഞ്ഞ സദസ്സ്. മണിച്ചിത്രത്താഴ് പിറന്നപ്പോൾ ജനിച്ചു പോലുമില്ലാത്തവർ ആ കൂട്ടത്തിലുണ്ടാകും.
മണിച്ചിത്രത്താഴിന്റെ പ്രധാന ശില്പികളായ തിരക്കഥാകൃത്ത് മധു മുട്ടവും സംവിധായകൻ ഫാസിലും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും ചേർന്ന് ആലപ്പുഴയിൽ വച്ച് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹരിപ്പാട് മുട്ടം പള്ളിപ്പാടിനടുത്തുള്ള ആലുംമൂട്ടിൽ തറവാടിന്റെ കഥകളിൽ നിന്നും ജന്മംകൊണ്ട ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇവിടുത്തെ കാരണവർ കൊച്ചുകുഞ്ഞ് ചാന്നാറിന്റെ മരണത്തെ തുടർന്ന് ഒറ്റപ്പെട്ട തറവാടും അതിനെ സംബന്ധിച്ചുള്ള കഥകളുമാണ് സിനിമക്ക് ആധാരമായത്. തിരുവിതാംകൂർ മഹാരാജാവ് ചാന്നാർ സ്ഥാനം നൽകി ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അക്കാലത്ത് തിയ്യ സമുദായാംഗമായ ചാന്നാരുടെ ആലുംമൂട്ടിൽ തറവാടിനൊപ്പം നിൽക്കാൻ രാജകൊട്ടാരം മാത്രമേ നാട്ടിൽ ശേഷിച്ചിരുന്നുള്ളൂ.
നാട്ടിലെ തറവാട്ടിൽ താമസത്തിനെത്തുന്ന നകുലനും (സുരേഷ് ഗോപി) ഭാര്യ ഗംഗയും (ശോഭന) നേരിടേണ്ടിവരുന്ന, നഗ്നനേത്രഖങ്ങൾ കൊണ്ട് ദൃശ്യമാവാത്ത ചില സംഭവവികസനകളും, അവരെ അതിൽനിന്നും കരകയറ്റാൻ നിയോഗിക്കപ്പെടുന്ന മനഃശാസ്ത്രജ്ഞൻ ഡോ. സണ്ണിയുമാണ് (മോഹൻലാൽ) സിനിമയിലെ പ്രധാനികൾ. എന്നാലും ഓരോ കഥാപാത്രവും സിനിമയിൽ നിർണായകമാവുന്നു. മണ്മറഞ്ഞ താരങ്ങളായ നെടുമുടി വേണു, കെ.പി.എ.സി. ലളിത, ഇന്നസെന്റ്, തിലകൻ തുടങ്ങിയവർ സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. ഗാനങ്ങളും ഇന്നും സൂപ്പർഹിറ്റുകളാണ്.
Summary: Fazil and Madhu Muttam reportedly uniting after Manichithrathazhu for a new movie