World Cup Semi Finals | ലോകകപ്പ് സെമി ലൈനപ്പായി; ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡും ഓസ്ട്രേലിയക്ക് ദക്ഷിണാഫ്രിക്കയും എതിരാളികള്‍


ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു.  ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ബുധനാഴ്ച നടക്കുന്ന ആദ്യസെമിയിൽ ഇന്ത്യയും കിവീസും ഏറ്റുമുട്ടും. ഇന്ത്യ ലോകകപ്പ് നേടിയ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുക.

പാക്സിതാൻ-ഇംഗ്ലണ്ട് മത്സരത്തിന് മുമ്പെ അത്ഭുതങ്ങൾക്കായി കാത്തിരുന്ന പാക് ആരാധകർക്ക് ടോസിൽ തന്നെ നിരാശപ്പെടേണ്ടി വന്നു. രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന് 338 റൺസ് വിജയലക്ഷ്യം 6.4 ഓവറിൽ മറികടക്കണമായിരുന്നു. ഒരിക്കലും സാധ്യമല്ലാത്തതിനാൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്താണ് പാകിസ്താൻ ബാറ്റിംഗിന് ഇറങ്ങിയതു തന്നെ. പാക് ഇന്നിംഗ്സിലെ 40 പന്തുകൾ കഴിഞ്ഞപ്പോൾ ന്യൂസീലൻഡ് സംഘം സെമിയിലേക്ക് രണ്ട് കാലും ഉറപ്പിച്ച് ചവിട്ടി. അങ്ങനെ 2023 ലോകകപ്പിന്റെ സെമി പട്ടിക തെളിഞ്ഞുവന്നു.

പതിനഞ്ചാം തീയതി ബുധനാഴ്ച മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയത്തിലാണ് ആദ്യ സെമിഫൈനൽ. ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ലീഗ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരായ ന്യൂസീലൻഡ് ആണ് എതിരാളി.

പിറ്റേദിവസം പതിനാറാം തീയതി വ്യാഴാഴ്ച  രണ്ടും മൂന്നും സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.  കൊൽക്കത്ത ഈ‍ഡൻ ഗാർഡന്‍സിലാണ് മത്സരം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനൽ പോരാട്ടത്തില്‍ മാറ്റുരക്കുന്ന രണ്ട് ടീമുകള്‍ ഏതൊക്കെ എന്നറിയാന്‍ വ്യാഴാഴ്ച രാത്രി വരെ കാത്തിരിക്കണം.