രാജ്യത്തെ പ്രമുഖ വ്യവസായിക കെമിക്കൽ അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 22.01 കോടി രൂപയുടെ സംയോജിത ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിൽ 15.36 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. പാദാധിഷ്ഠിത ലാഭത്തിൽ 21.8 ശതമാനത്തിന്റെ ലാഭം നേടിയപ്പോൾ, വാർഷിക അടിസ്ഥാനത്തിൽ ലാഭം 43.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. കൂടാതെ, മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ മുൻ വർഷത്തെ ജൂൺ പാദത്തിലെ 145.94 കോടി രൂപയിൽ നിന്നും 142.54 കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.
പ്രവർത്തന ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ പ്ലാന്റ് വിപുലീകരണത്തിന് ബോർഡ് അനുമതി നൽകി. നിറ്റ ജെലാറ്റിന്റെ ജലാറ്റിൻ വിഭാഗത്തിലെ കൊളാജൻ പെപ്റ്റൈഡിന്റെ വാർഷിക ഉൽപ്പാദനശേഷി 1000 ടണ്ണായി വർദ്ധിപ്പിക്കാനാണ് ബോർഡ് അനുമതി നൽകിയത്. നിലവിലെ ഉൽപ്പാദനശേഷി 450 ടണ്ണാണ്. കഴിഞ്ഞ വർഷം നവംബറിൽ 550 ടൺ ഉൽപ്പാദനശേഷി അധികമായി ചേർക്കാൻ ബോർഡ് പദ്ധതിയിട്ടിയിരുന്നു. എന്നാൽ, ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്ത് ഈ തീരുമാനം ഡയറക്ടർ ബോർഡ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.