പുത്തൻ വാഹനം വാങ്ങുന്നതിൽ നിന്ന് പിന്നോട്ടടിച്ച് മലയാളികൾ! ഒക്ടോബറിലെ വിൽപ്പനയിൽ ഇടിവ്


സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലെ വാഹന വിൽപ്പനയിൽ കനത്ത ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇത്തവണ വാഹന വിൽപ്പനയിൽ 10.52 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിൽ 65,557 വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. എന്നാൽ, ഈ വർഷം ഒക്ടോബറിൽ 58,654 വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. പരിവാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, പുതിയ കാറുകളുടെ വിൽപ്പന 16,625-ൽ നിന്ന് 8.95 ശതമാനം ഇടിവോടെ 15,137-ൽ എത്തി.

പുത്തൻ ടു വീലുകളുടെ വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ 43,908 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 37,062 യൂണിറ്റായി വിൽപ്പന ചുരുങ്ങി. അതേസമയം, ഓട്ടോറിക്ഷകളുടെ വിൽപ്പന ഒക്ടോബറിൽ തകൃതിയായി നടന്നിട്ടുണ്ട്. 1,725 യൂണിറ്റിൽ നിന്ന് 62.3 ശതമാനം വർദ്ധനവോടെ ഓട്ടോറിക്ഷ വിൽപ്പന 2,800 യൂണിറ്റിലെത്തി. ട്രാക്ടർ വിൽപ്പന മുൻ വർഷത്തെ 9 എണ്ണത്തിൽ നിന്ന് 90 എണ്ണമായി വർദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിതരണ ശൃംഖലയിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ പാസഞ്ചർ വാഹന വിൽപ്പന നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഒക്ടോബറിൽ കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞത്. കിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടേഴ്സ്, സ്കോഡ, നിസാൻ, ഹോണ്ട, റെനോ തുടങ്ങിയ വാഹന നിർമ്മാതാക്കൾക്ക് ഒക്ടോബർ മാസം കേരളത്തിലെ വാഹന വിപണിയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.