ഐഒസി അംഗമായ നിത അംബാനി അത്‌ലറ്റുകളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിലുപരി നിർധനരായ കുട്ടികൾക്കിടയിലും കായിക സംസ്കാരം വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പങ്ക് വഹിക്കുന്നുണ്ടെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്. ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ഒളിമ്പിക് സ്പിരിറ്റിനെയും സമീപകാല ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് മെഡൽ നേട്ടം ഉൾപ്പെടെ ആഗോള കായികരംഗത്ത് രാജ്യം കൈവരിച്ച മഹത്തായ മുന്നേറ്റങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ സ്വാഗതം ചെയ്യുന്നതായും ബാച്ച് പറഞ്ഞു.
40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശരിയായ സമയത്ത് തന്നെ ഐഒസി സെഷൻ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിലയൻസ് ഫൗണ്ടേഷന്റെ അക്കാദമികളിലൂടെ ഇന്ത്യയിൽ നിരവധി കുട്ടികൾക്ക് കായികരംഗത്തേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കുന്നതിൽ നിത അംബാനിയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒളിമ്പിക്സ് മത്സരങ്ങളിൽ വ്യക്തിഗത മത്സരങ്ങളിലേക്ക് അത്‌ലറ്റുകളെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. നിരവധി സ്വകാര്യ സംരംഭങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും നിത അംബാനി അധ്യക്ഷയായ റിലയൻസ് ഫൗണ്ടേഷനാണ് മുന്നിൽ നിലകൊള്ളുന്നതെന്നും ബാച്ച് ചൂണ്ടിക്കാട്ടി.
Also read- 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ
2028 ലോസാഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റ് അടക്കമുള്ള കായികയിനങ്ങൾ തിരിച്ചെത്തുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നിലവിൽ ഇക്കാര്യം മുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് ഈ നിർദ്ദേശത്തിന് ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുമുണ്ട്. വോട്ടെടുപ്പിന്റെ ഫലത്തിനായി കാത്തിരിക്കുകയല്ലാതെ ഇതിൽ ഐസിസിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും തോമസ് ബാച്ച് കരുതുന്നു. 2036 ലെ ഒളിമ്പിക്സ് ഇന്ത്യക്ക് ഒരു വലിയ സാധ്യയുള്ളതായും അദ്ദേഹം കണക്കാക്കുന്നുണ്ട്.
ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യയെ സ്വാഗതം ചെയ്യുന്നതായും ബാച്ച് അറിയിച്ചു. ” ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദൗത്യം ഒരു ഏകീകൃത ദൗത്യമാണ്. ഒളിമ്പിക് ഗെയിംസ് ലോകത്തെ മുഴുവൻ സമാധാനപരമായ മത്സരത്തിലേക്ക് കൊണ്ടുവരുന്നു. ഇത് സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ പ്രതീകമാണ്. കാരണം ഒളിമ്പിക്‌സിൽ നമ്മൾ എല്ലാവരും തുല്യരാണ്. എവിടെ വലുതും ചെറുതുമായ രാജ്യങ്ങളില്ല, വികസിത രാജ്യങ്ങളോ വികസ്വര രാജ്യങ്ങളോ ഇല്ല. ഒരേ നിയമങ്ങളെ ബഹുമാനിക്കുകയും സമാധാനപരമായ രീതിയിൽ ഈ നിയമങ്ങൾക്കുള്ളിൽ മത്സരിക്കുകയും ചെയ്യുന്ന കായികതാരങ്ങൾ മാത്രമാണുള്ളത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.