IOC Session in Mumbai| 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയരാകുമോ? തീരുമാനം മൂന്ന് വർഷത്തിനുള്ളിലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി


2036 ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ സന്നദ്ധമാണെന്നറിയിച്ചതിനു പിന്നാലെ അന്തിമ തീരുമാനം മൂന്ന് വർഷത്തിനുള്ളിൽ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. മുംബൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയാണ് സന്ന്ദ്ധത അറിയിച്ചത്.

ഇന്ത്യ ഇതിനു മുമ്പ് ഒളിമ്പിക്സിന് വേദിയായിട്ടില്ല. പക്ഷേ, 2010 കോമൺവെൽത്ത് ഗെയിംസിന് രാജ്യം ആതിഥേയത്വം വഹിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2029 ലെ യൂത്ത് ഒളിമ്പിക്സിന് വേദിയാകാനുള്ള സന്നദ്ധതയും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഒളിമ്പിക്സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. 2032 ഒളിമ്പിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2024 ഒളിമ്പിക്സിന് പാരീസും 2028 ൽ ലോസ് ആഞ്ചൽസും വേദിയാകും. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിൽ ബ്രിസ്ബെയിനിലാണ് നടക്കുക. ഇന്ത്യയ്ക്കു പുറമേ, പോളണ്ട്, മെക്സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് നിലവിൽ സന്നദ്ധത അറിയിച്ചത്.

ഐഒസിയുടെ പുതിയ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ഐ‌ഒ‌സിയുടെ ഭാവി ആതിഥേയ കമ്മീഷൻ അധ്യക്ഷയായ കോലിൻഡ ഗ്രാബർ-കിറ്ററോവിക് പറഞ്ഞു. തീരുമാനം 2026 ലോ 2027 ലോ ഉണ്ടാകും. 2025 ലാണ് ഐഒസിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക.

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗം നടന്നത്. 40 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഈ സുപ്രധാന സെഷൻ നടക്കുന്നത്. ഒക്ടോബർ 15 മുതൽ 17 വരെയാണ് ഐഒസി സെഷൻ നടക്കുന്നത്. അതിന് മുന്നോടിയാണ് ഇന്ന് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. 2022ൽ ബീജിംഗിൽ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ ഇടപെടലിലാണ് ഐഒസി സെഷൻ ഇന്ത്യയിൽ നടത്താനായത്. അന്ന് 99 ശതമാനം വോട്ടുകളും മുംബൈയ്ക്ക് അനുകൂലമായി ലഭിച്ചിരുന്നു.

ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത തീരുമാനമെടുക്കുന്ന സ്ഥാപനമാണ് ഐഒസി സെഷൻ. ഒളിംപിക്സുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും ഐഒസി യോഗത്തിലാണ്.