തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയുമാണ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. നോട്ടീസ് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി, പൂയം തിരുനാൾ ഗൗരിപാർവതീഭായി, എന്നിവർ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചതായാണ് വിവരം.
ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്. നോട്ടീസ് പിന്നീട് പിന്‍വലിച്ചു. രാജാവിന്റെ ഔദാര്യമായാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരികവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ നോട്ടീസാണ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ചത്.
‘ധന്യാത്മൻ, പുണ്യശ്ലോകനായ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യംചാർത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല’ ‘ആ രാജകൽപ്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോൾ…’ എന്നു തുടങ്ങുന്നതാണ് നോട്ടീസിലെ വാചകങ്ങള്‍.
പരിപാടിയില്‍ ഭദ്രദീപം തെളിയിക്കാന്‍ ക്ഷണിച്ചിരിക്കുന്ന പൂയംതിരുനാൾ ഗൗരീപാർവതിബായി തമ്പുരാട്ടി, അശ്വതി തിരുനാൾ ഗൗരിബായി തമ്പുരാട്ടി എന്നിവരെ തിരുവിതാംകൂർ രാജ്ഞിമാരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നോട്ടീസ് പിൻവലിച്ചെങ്കിലും ചടങ്ങ് നടക്കുമെന്നും അതിൽ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റെ കെ. അനന്തഗോപൻ പറഞ്ഞു.