ദീപാവലി തലേന്ന് കട അടയ്ക്കുന്ന തിരക്കിൽ മദ്യം കൊടുത്തില്ല; ‘മധു’ മദ്യഷോപ്പിന് തീയിട്ടു; ഒന്നരലക്ഷം നഷ്ടം
മദ്യം നൽകാത്തതിനെ തുടർന്ന് വൈൻ ഷോപ്പിന് തീയിട്ട പ്രതി അറസ്റ്റിൽ. വിശാഖപ്പട്ടണത്തിലെ മദുരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈൻ ഷോപ്പ് അടയ്‌ക്കുന്ന സമയത്താണ് മധു എന്നയാൾ വന്നതും മദ്യം ആവശ്യപ്പെട്ടതും. എന്നാൽ, കട അടയ്‌ക്കാൻ പോകുന്നതിനാൽ മദ്യം നൽകാൻ പറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഇയാൾ കടയ്‌ക്ക് തീയിട്ടതെന്ന് പോലീസ് അറിയിച്ചു.
മദ്യം നൽകാത്തതിനെത്തുടർന്ന് പ്രതിയും വൈൻ ഷോപ്പിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. വാക്കു തർക്കങ്ങൾക്കൊടുവിൽ മധു ഇവിടെ നിന്നും പോയെങ്കിലും ഞായറാഴ്ച വൈകുന്നേരം പെട്രോൾ ടാങ്കുമായി കടയിൽ തിരിച്ചെത്തുകയായിരുന്നു. കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും ഇയാൾ പെട്രോൾ ഒഴിച്ചു. പിന്നാലെ കടക്ക് തീയിടുകയും ചെയ്തു.
Also read-കളമശ്ശേരി സ്ഫോടനം; മാർട്ടിന്റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു
കടയിൽ നിന്നും ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ വൈൻ ഷോപ്പ് കത്തിനശിക്കുകയും കംപ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ ഐപിസി 307, 436 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും ഇൻസ്പെക്ടർ രാമകൃഷ്ണ പറഞ്ഞു.