India vs Pakistan ICC World Cup 2023: ബുംറയും കുൽദീപും സിറാജും ആഞ്ഞടിച്ചു; പാകിസ്ഥാൻ 191ന് പുറത്ത്


അഹമ്മദാബാദ്: ഇന്ത്യൻ ബോളർമാർ ആഞ്ഞടിച്ചതോടെ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിര. ലോകകപ്പിലെ ചിരവൈരികളുടെ ആവേശപ്പോരിൽ പാകിസ്ഥാൻ 42.4 ഓവറിൽ 191 റൺസിന് പുറത്തായി. മികച്ച ഫോമിൽ ബാറ്റുവീശിയ മുഹമ്മദ് റിസ്വാന്‍റേത് ഉൾപ്പടെ രണ്ടു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും ബാബർ അസമിനെ പുറത്താക്കിയ മുഹമ്മദ് സിറാജും ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാന് വേണ്ടി നായകൻ ബാബർ അസം 50 റൺസ് നേടി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 49 റൺസെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ ഒരവസരത്തിൽ രണ്ടിന് 154 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ ക്യാപ്റ്റൻ ബാബർ അസമിനെ ക്ലീൻ ബോൾഡാക്കി മുഹമ്മദ് സിറാജാണ് പാകിസ്ഥാന്‍റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ സൌദ് ഷക്കീലിനെയും(ആറ്) ഇഫ്തിക്കർ അഹമ്മദിനെയും(നാല്) ഒരോവറിൽ പുറത്താക്കി കുൽദീപ് ഇന്ത്യയ്ക്ക് നിർണായക മേൽക്കൈ സമ്മാനിച്ചു. വൈകാതെ റിസ്വാനെ ക്ലീൻ ബോൾഡാക്കി ബുംറ പാക് ബാറ്റിങ് നിരയുടെ തകർച്ച പൂർണമാക്കി. പിന്നീട് വാലറ്റത്തിന് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല.

പാക് ടീമിലെ സൂപ്പർതാരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്വാനും മികച്ച ഫോമിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് അവർ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. റിസ്വാന് പിന്നാലെ ശതാബ് ഖാനെയും ബുംറ ക്ലീൻ ബോൾഡാക്കി. ഇതോടെ മത്സരഗതി പൂർണമായും ഇന്ത്യയുടെ വരുതിയിലായി. വാലറ്റത്ത് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനാകാതെ മൊഹമ്മദ് നവാസും, ഹസൻ അലിയും, ഷഹിൻ ഷാ അഫ്രിദിയും പുറത്തായി. ബാബർ അസം 58 പന്തിൽ ഏഴ് ഫോർ ഉൾപ്പടെയാണ് 50 റൺസ് നേടിയത്. കൂടുതൽ കരുതലോടെ ബാറ്റുവീശിയ റിസ്വാൻ 69 പന്തിൽ ഏഴ് ഫോർ അടക്കം 49 റൺസ് നേടി. ബാബർ അസമും റിസ്വാനും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് നേടി. ഇതുതന്നെയായിരുന്നു പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്.

മത്സരത്തിന്‍റെ തുടക്കത്തിൽ പാക് ഓപ്പണർമാർ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ബോളർമാരെ നേരിട്ടത്. ബുംറയുടെയും സിറാജിന്‍റെയും മോശം പന്തുകൾ തെരഞ്ഞുപിടിച്ച് റൺസ് കണ്ടെത്തി മുന്നേറി. എന്നാൽ എട്ടാമത്തെ ഓവറിലെ അവസാന പന്തിൽ അബ്ദുള്ള ഷഫീഖിനെ പുറത്താക്കി സിറാജ് നിർണായക ബ്രേക്ക് സമ്മാനിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 41 റൺസാണ് പാകിസ്ഥാൻ നേടിയത്. തുടർന്ന് ബാബർ അസമിനെ കൂട്ടുപിടിച്ച് ഇമാം ഉൾ ഹഖ് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ പതിമൂന്നാമത്തെ ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഇമാം ഉൾ ഹഖ് പുറത്താകുകയായിരുന്നു. 38 പന്ത് നേരിട്ട ഇമാം ഉൾ ഹഖ് ആറ് ഫോറുകൾ നേടി.

ഇന്ത്യയ്ക്കുവേണ്ടി  ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.  ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.