മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കൂടി പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട കൊച്ചാലുമ്മൂട് തോട്ടരികത്തു വീട്ടില്‍ ഇര്‍ഷാദാണ് (43) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ നിരവധി സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ നൗഷാദ് സെപ്റ്റംബറില്‍ അറസ്റ്റിലായിരുന്നു. അന്ന് നൗഷാദിനൊപ്പം ഇയാളുമുണ്ടായിരുന്നെങ്കിലും പൊലീസി‌ന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

അടുത്ത ദിവസങ്ങളില്‍ ഇയാള്‍ പാങ്ങോട് എത്താറുണ്ടന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പാങ്ങോട് ചുമതലയുള്ള വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണയുടെ നേതൃത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ഷാന്‍ എസ് എസ്, ഷാജി എംഎ, സിവിൽ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, സജി, സൂരജ്, വിഷ്ണു, അച്ചു ശങ്കര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സെപ്റ്റംബര്‍ ആറിനാണ് വയ്യേറ്റുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിൽ ഇരുവരും പണയം വയ്ക്കാൻ എത്തിയത്. നൗഷാദ് പണയം വയ്ക്കാനെത്തിയപ്പോൾ സ്ഥാപനത്തിന് പുറത്ത് ഇർഷാദും ഉണ്ടായിരുന്നു. നൗഷാദ് നൽകിയ ആഭരണങ്ങളില്‍ സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമസ്ഥൻ വെഞ്ഞാറമൂട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു.