കോടികൾ തരാം, ഇങ്ങോട്ട് പോന്നോളൂ! ഗൂഗിളിലെ എഐ വിദഗ്ധരെ ക്ഷണിച്ച് ഓപ്പൺഎഐ


ഗൂഗിളിലെ എഐ വിദഗ്ധരെ സ്വന്തമാക്കാൻ കോടികളുടെ വാഗ്ദാനവുമായി ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ രംഗത്ത്. ഗൂഗിളിലെ ജോലി ഒഴിവാക്കി, ഓപ്പൺ എഐയിലേക്ക് ചേക്കേറാൻ താൽപ്പര്യമുള്ള ജീവനക്കാർക്ക് ഒരു കോടി ഡോളർ വരെയുള്ള പാക്കേജാണ് ഓപ്പൺഎഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം, ജീവനക്കാർക്ക് ലാഭകരമായ നഷ്ടപരിഹാര പാക്കേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വമ്പൻ തുക വാഗ്ദാനം ചെയ്യുന്നതിലൂടെ ഗൂഗിളിന്റെ എഐ വിഭാഗത്തിലെ മുൻനിര ജീവനക്കാരെയാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്.

ഇതിനുമുൻപും ഗൂഗിൾ, മെറ്റ തുടങ്ങിയ ആഗോള ടെക് കമ്പനികളിൽ നിന്നും ഓപ്പൺ എഐ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. ഗൂഗിളിലും മെറ്റയിലും ജോലി ചെയ്തിരുന്ന ഏകദേശം 93 ആളുകളെയാണ് ഇതിനകം ഓപ്പൺ എഐ സ്വന്തമാക്കിയത്. നിലവിൽ, സൂപ്പർ അലൈൻമെന്റ് ടീമിലെക്കായി റിസർച്ച് എൻജിനീയർമാരെയാണ് ഓപ്പൺഎഐ തേടുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പരസ്യം. ഉദ്യോഗാർത്ഥികൾക്ക് 2.45 ലക്ഷം ഡോളർ മുതൽ 4.50 ലക്ഷം ഡോളർ വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.