വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ വിവോ എക്സ്100 പ്രീ ഓർഡറിൽ സ്വന്തമാക്കിയത് റെക്കോർഡ് നേട്ടം. നവംബർ 13നാണ് കമ്പനി വിവോ എക്സ്100 എന്ന ഹാൻഡ്സെറ്റ് ഔദ്യോഗികമായി ചൈനയിൽ പുറത്തിറക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രീ ഓർഡറിനായി സ്മാർട്ട്ഫോൺ എത്തിച്ച സമയത്ത് വെറും 7 ദിവസത്തിനുള്ളിൽ 1 ദശലക്ഷം യൂണിറ്റുകളാണ് ഉപഭോക്താക്കൾ ഓർഡർ ചെയ്തിരിക്കുന്നത്. വിവോ എക്സ് സീരീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ പ്രീ ഓർഡറുകൾ കമ്പനിക്ക് ലഭിക്കുന്നത്.
വിവോയുടെ ബേസിക് എഡിഷനാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതെന്ന സവിശേഷതയും നിലനിൽക്കുന്നുണ്ട്. പ്രോ മോഡലുകൾക്ക് ലഭിച്ചതിനെക്കാൾ വളരെ വലിയ സ്വീകാര്യതയാണ് ഈ ബേസിക് മോഡലിന് ലഭിച്ചിരിക്കുന്നത്. വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തതോടെ, വിൽപ്പന ഇനിയും ഉയർന്നേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. വിവോ എക്സ്100-ന്റെ 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ബേസിക് മോഡലിന് 3,999 ചൈനീസ് യുവാനും, ഇതേ സ്റ്റോറേജിൽ വരുന്ന പ്രോ മോഡലിന് 5,999 ചൈനീസ് യുവാനുമാണ് വില. ഈ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.