മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പുതിയ പരിഷ്കരണവുമായി യുജിസി, ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ അവതരിപ്പിക്കും


ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ അവതരിപ്പിക്കാനാണ് യുജിസിയുടെ നീക്കം. ഒരു വർഷത്തേക്കുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ, വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മാസ്റ്റേഴ്സ് ഡിഗ്രി സ്വന്തമാക്കാൻ കഴിയുന്നതാണ്.

4 വർഷത്തെ ബിരുദം, 3 വർഷത്തെ യുജി, 2 വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം അല്ലെങ്കിൽ സയൻസ്, എൻജിനീയറിംഗ്, ടെക്നോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് എംടെക്, എംഎ മേഖലകളിലെ ഒരു വർഷം ദൈർഘ്യമുള്ള അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കും. നിലവിൽ, സമർപ്പിച്ചിട്ടുള്ള കരട് റിപ്പോർട്ട് കൃത്യമായി വിലയിരുത്തിയതിന് ശേഷം വിദഗ്ധരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതാണ്. ഇതിനുശേഷമാണ് ഒരു വർഷം ദൈർഘ്യമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യുജിസി പങ്കുവെക്കുകയുള്ളൂ.