ചാറ്റുകൾ ഇനി കോഡിട്ട് പൂട്ടാം! സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ചാറ്റുകളുടെ രഹസ്യ സ്വഭാവം നിലനിർത്താൻ പുതിയൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ചാറ്റുകൾ കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇതിലൂടെ വാട്സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കാനും, ഉപഭോക്തൃ സ്വകാര്യത ഉറപ്പുവരുത്താനും കഴിയുന്നതാണ്.
പുതിയ ഫീച്ചർ ബീറ്റാ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്. ചാറ്റുകൾ ലോക്ക് ചെയ്യുന്നതിനോടൊപ്പം, അവ മറക്കുന്നതിനായി പ്രത്യേക എൻട്രി പോയിന്റും സജ്ജമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പിൽ ഇനി മുതൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യുന്നതിനായി രഹസ്യ കോഡ് ഉപയോഗിച്ചാൽ മതിയാകും. ഇത്തരത്തിൽ രഹസ്യമായി സൂക്ഷിച്ച ചാറ്റുകൾ കണ്ടെത്താൻ താഴേക്ക് സ്വൈപ്പ് ചെയ്യുകയാണ് വേണ്ടത്.
രഹസ്യ കോഡുകൾ ഉൾപ്പെടുന്നതിനായി മെനുവിൽ ചാറ്റലോഗ് സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് ലോക്ക് ചെയ്യേണ്ട ചാറ്റുകൾ ഹൈഡ് ചെയ്തതിനു ശേഷം, രഹസ്യ കോഡ് നൽകാവുന്നതാണ്. ഇതിനുശേഷം ചാറ്റ് ലിസ്റ്റിൽ ലോക്ക് ചെയ്ത ചാറ്റ് കാണാൻ കഴിയില്ല. അതേസമയം, ചാറ്റ് ലഭിക്കുന്നതിനായി സെർച്ച് ചെയ്യാവുന്നതാണ്. മാസങ്ങൾക്ക് മുൻപ് തന്നെ രഹസ്യ കോഡ് അവതരിപ്പിക്കുന്ന ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. അധികം വൈകാതെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം.