വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക്നോളജീസിന്റെ ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. നിലവിൽ, ഐപിഒയുടെ പ്രൈസ് ബാൻഡ് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 475 രൂപ മുതൽ 500 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. നവംബർ 22 മുതൽ സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതാണ്. മൂന്ന് ദിവസം നീളുന്ന ഐപിഒ നവംബർ 24-നാണ് സമാപിക്കുക. പ്രമോട്ടർമാരുടെ ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ മാത്രമാണ് ഇത്തവണ ഐപിഒയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനാൽ, പ്രമോട്ടർ കമ്പനിയായ ടാറ്റ മോട്ടേഴ്സ് 4.62 കോടി ഓഹരികൾ വിറ്റഴിക്കും. ആൽഫാ ടെക്നോളജീസ് 97.1 ലക്ഷം ഓഹരിയും, ടാറ്റ ഗ്രോത്ത് ഫണ്ട് 48 ലക്ഷം ഓഹരിയും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞത് 30 ഓഹരികൾക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തുടർന്ന് 30ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്. പരമാവധി 3,042 കോടി രൂപ വരെ ഐപിഒയിലൂടെ സമാഹരിക്കാനാണ് ടാറ്റ ടെക്നോളജി ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്സിലെ അർഹരായ ഓഹരി ഉടമകൾക്ക് 10 ശതമാനം ഓഹരികൾ പ്രത്യേകമായി നീക്കിവെച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് 15,000 രൂപയാണ് മിനിമം നിക്ഷേപ തുക. ആഗോള കമ്പനികൾക്ക് പ്രോഡക്റ്റ് ഡെവലപ്മെന്റ്, ഡിജിറ്റൽ സൊല്യൂഷൻസ് എന്നിവ നൽകുന്ന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്.