ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ


ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, ചൈനീസ് വിപണിയിൽ നിന്ന് മാത്രമാണ് ഓപ്പോ എ2 5ജി വാങ്ങാൻ സാധിക്കുകയുള്ളൂ. ഇവ എപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓപ്പോ എ2 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള വലിയ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 6020 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമുണ്ട്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 8 മെഗാപിക്സൽ ക്യാമറയാണ് മുന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രോസസറിനോടൊപ്പം 12 ജിബി റാമും, 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ഈ ഫോണിൽ നൽകിയിരിക്കുന്ന വെർച്വൽ റാം ഫീച്ചർ വഴി, ഫോണിന്റെ റാം 24 ജിബി വരെ വർദ്ധിപ്പിക്കാനാകും. ഓപ്പോ എ2 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 16,500 രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്.