Garudan review | സ്ക്രിപ്റ്റിൽ ചിറകടിച്ചുയരുന്ന ‘ഗരുഡൻ’; ത്രില്ലറുകളിൽ വേറിട്ട വഴി വെട്ടി വീണ്ടും മിഥുൻ മാനുവൽ തോമസ് – News18 Malayalam


Garudan review | വിദേശ നിർമിത മാതൃകകളിൽ, അതുവരെ മലയാള സിനിമ കാണാത്ത നിരീക്ഷണവും പരീക്ഷണവുമായി തിയേറ്ററിലെത്തുന്ന ചിത്രങ്ങളുടെ അതിപ്രസരം തീർത്ത വലയത്തിലാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള ചലച്ചിത്ര ലോകം. വിശാലലോകത്തെ സിനിമകൾ കണ്ട് പുതുമ തേടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഇത്രയുമെങ്കിലും ചെയ്തേ മതിയാവൂ ചലച്ചിത്രകാർക്കും.

എത്രതന്നെ പുത്തൻ കൂട്ടുകൾ ചേർത്തിളക്കി നിർമ്മിച്ചാലും ക്ളൈമാക്സ് കണ്ടുതീരുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നിടത്തു വീഴും ആ സിനിമയുടെ പ്രോഗ്രസ് റിപ്പോർട്ട്. മായക്കാഴ്ചകൾ പല രൂപത്തിലും ഭാവത്തിലും കണ്ടാലും നിശബ്ദമായി അവർ ഇറങ്ങിപ്പോരുന്ന രംഗം തിയേറ്റർ പടിക്കൽ എത്രതവണ ഉണ്ടായിരിക്കും!

തിരക്കഥയുടെ പിൻബലത്തോടെ ആ കയ്യടികൾ ആവോളം നേടി ഒരു ചിത്രം ചിറകടിച്ചുയരുന്നു; ‘ഗരുഡൻ’. രണ്ടു മുതിർന്ന നടന്മാർ നായകന്മാർ ആവുന്നു എന്നതിനൊപ്പം രണ്ടുമാസക്കാലം തിയേറ്ററിൽ ഓടിയെന്ന പെരുമ അടുത്തകാലത്തു നേടിയ ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കയ്യിലാണ് എഴുത്താണി എന്നതും ചേർന്നായിരുന്നു ഈ സിനിമയുടെ മേലുള്ള പ്രതീക്ഷ.

‘ isDesktop=”true” id=”635775″ youtubeid=”ZLnSJJF_lHE” category=”film”>

സൈക്കോ കില്ലറെ മലയാള സിനിമയുടെ ഇഷ്‌ടവില്ലനാക്കിയ ‘അഞ്ചാം പാതിരായ്ക്ക്’ ശേഷം ക്രൈം ത്രില്ലറുമായുള്ള രണ്ടാം വരവിലും പ്രേക്ഷകർക്ക് എന്തുവേണം എന്ന് ഗുണിച്ചും ഹരിച്ചുമുള്ള തയാറെടുപ്പാണ് തിരക്കഥാകൃത്ത് നടത്തിയിട്ടുള്ളത്.

ഡി.സി.പി. ഹരീഷ് മാധവന്റെ (സുരേഷ് ഗോപി) കരിയറിൽ എടുത്തുപറയേണ്ട പീഡന കേസ് ഒരേ സമയം കിരീടത്തിലെ പൊൻതൂവലായും മുള്ളായും മാറുന്ന സസ്പെൻസ് ത്രില്ലർ കാഴ്ചയാണ് ‘ഗരുഡൻ’. സമൂഹം മാന്യത കല്പിക്കപെടുന്ന കോളേജ് പ്രൊഫസർ നിഷാന്ത് (ബിജു മേനോൻ) പ്രതിയായി ശിക്ഷിക്കപ്പെടുന്നതിൽ തുടങ്ങുന്ന ക്രമത്തിലാണ് ഇതുവരെ മലയാളം കണ്ട ക്രൈം ത്രില്ലർ ചിത്രങ്ങളിൽ നിന്നും ‘ഗരുഡൻ’ വ്യത്യസ്തമാവുക. ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെടുന്ന അയാൾ ഒരിക്കൽ പുറത്തിറങ്ങിയാൽ നടക്കാവുന്ന ചിന്തനീതതമായ ചില സംഭാവവികാസങ്ങൾ കോർത്തിണക്കിയാണ് മിഥുൻ മാനുവലിന്റെ ത്രില്ലടിപ്പിക്കുന്ന സ്ക്രിപ്റ്റ്.

തീർന്നു എന്ന് കല്പിക്കപ്പെടുന്നിടത്ത് നിന്നും തുടങ്ങുക. എല്ലാം അവസാനിച്ചു എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുക. അവിടെ മറ്റൊരു ട്വിസ്റ്റുമായി വീണ്ടും മുന്നോട്ടുപോവുക. പ്രതി വാദിയും, വാദി പ്രതിയുമായി മാറിമറിയുന്ന മായക്കാഴ്ചയിലൂടെ പ്രേക്ഷകരുടെ ഉദ്വേഗം അൽപ്പം പോലും കെടാതെ നിലനിർത്തുക. ക്രൈം ത്രില്ലറിനെ പോലീസും കള്ളനും കളിയിൽ നിന്നും പുറത്തുകൊണ്ടുവരിക. ഇതാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്.

തിരക്കഥയുടെ അവതരണത്തിൽ പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങളുടെ പ്രകടനം പോലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥ. സംവിധാനം, പശ്ചാത്തല സംഗീതം, ക്യാമറ ഒക്കെ എന്തായിരുന്നു, എങ്ങനെ പ്രവർത്തിച്ചു എന്ന് ശ്രദ്ധിക്കാൻ പോലും പ്രേക്ഷകന് അവസരം തരാത്ത ഒരു കംപ്ലീറ്റ് മിഥുൻ മാനുവൽ ഷോയായി ഈ ചിത്രത്തെ മാറ്റിയിരിക്കുന്നു. കുറച്ചു സമയത്തേക്കാണെങ്കിലും, കൂട്ടത്തിൽ വ്യത്യസ്ത പുലർത്തിയ വേഷങ്ങൾ ചെയ്ത ജഗദീഷും നിഷാന്ത് സാഗറും ശ്രദ്ധിക്കപ്പെടും.

അഞ്ചാം പാതിരായും, ദൃശ്യം രണ്ടാം ഭാഗവും നൽകിയ ഫീലിന് ശേഷം മലയാള സിനിമയ്ക്ക് മറ്റൊരു ക്രൈം ത്രില്ലർ നവ്യാനുഭവത്തിനു ‘ഗരുഡൻ’ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ചിത്രം കണ്ട ശേഷം തിരക്കഥാകൃത്തിന്റെ ശക്തമായ രചനയെ കുറിച്ചൊന്ന് ഓർത്താൽ  ഒരുപക്ഷേ പണ്ട് ‘ദൃശ്യം 2’ കണ്ട മിഥുൻ, ജീത്തു ജോസഫിനെ നോക്കി പറഞ്ഞ വാചകങ്ങളാകും മനസ്സിൽ വരിക. ‘സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!!’