നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍: വ്യാപക വിമര്‍ശനം
കാസര്‍കോട്: നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ അബൂബക്കര്‍ നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റും കാസര്‍കോട് ജില്ലയിലെ വ്യവസായ പ്രമുഖനുമാണ്. മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞു.നവകേരള സദസിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. കാസര്‍കോട് മേല്‍പ്പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നവകേരള സദസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ, താന്‍ ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായിതില്‍ സന്തോഷമുണ്ട്. മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.