ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ


രണ്ടാം കൈലാസമായ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തെ പറ്റി വർണ്ണിച്ചാൽ തീരില്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൾ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് ഐതീഹ്യം.

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിര്‍മ്മാണം നടത്തിയത് എന്നാണു കരുതപ്പെടുന്നത്. ശിവന്‍ കിഴക്കുഭാഗത്തേക്കും പാര്‍വതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അര്‍ദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. ഇവിടുത്തെ ദേവിയുടെ പ്രസിദ്ധിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ല.

ഇപ്പോൾ ചെങ്ങന്നൂർ ക്ഷേത്രമിരിക്കുന്ന സ്ഥലം വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലുൾപ്പെട്ടതായിരുന്നതിനാൽ അവിടുന്നു ആ സ്ഥലം “നയനാരുപിള്ള” എന്നൊരാൾക്കു പാട്ടത്തിനു കൊടുത്തിരുന്നു. ഒരു കുറത്തി ഒരു ദിവസം അവളുടെ അരിവാൾമൂർച്ച കൂട്ടാനായി അവിടെ കണ്ട ഒരു കല്ലിന്മേൽ ഇട്ടു തേച്ചു. അപ്പോൾ ആ കല്ലിൽ നിന്നും രക്തം പ്രവഹിച്ചു തുടങ്ങി. അവൾ ഉടനെ നായനാര് പിള്ളയെ വിവരം അറിയിച്ചു.

പ്രസിദ്ധ തന്ത്രിയുമായിരുന്ന താഴമൺ പോറ്റി ആ ശിലയും രക്തപ്രവാഹവും കണ്ടിട്ടു സ്വല്പനേരം ധ്യാനനിഷ്ഠനായി ഇരുന്നതിനു ശേ‌ഷം “ഇതു കേവലം കാട്ടുശിലയല്ലെന്ന് ഈ രക്തപ്രവാഹം കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. ഇതു സ്വയം ഭൂവായ ശിവലിംഗമാണ്. ഇങ്ങിനെ കാണപ്പെടുന്ന ഈശ്വരബിംബത്തിങ്കൽ ഉടനെ ഒരു നിവേദ്യമെങ്കിലും കഴിക്കാഞ്ഞാൽ പെട്ടന്നു അപ്രത്യക്ഷമായിപ്പോയെന്നും വരാം. ഈ രക്തപ്രവാഹം നില്ക്കുന്നതിനു തൽക്കാലം മുപ്പത്തിയാറു പറ നെയ്യും ഈ ബിംബത്തിനു ആടേണ്ടിയിരിക്കുന്നു. സമന്ത്രം ഘൃതധാര ചെയ്യാതെ ഈ രക്തസ്രാവം നില്ക്കുകയില്ല” എന്ന് പറഞ്ഞു.

അതിൻപ്രകാരം താഴമൺപോറ്റി നിവേദ്യവും നെയ്യാട്ടവും നടത്തുകയും ഉടനെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു. അങ്ങനെ വഞ്ഞിപ്പുഴ തമ്പുരാനും താഴമൺ പോറ്റിയും എല്ലാം കൂടിയാലോചിച്ച് വീണ്ടും ഗ്രഹിച്ചു ശ്രീപാർവ്വതിയുടെ അംശവും കണ്ടെത്തി അവിടെ ഒരു ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു. സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ ആണ് രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് അമ്പലം, കൂത്തമ്പലം, ഗോപുരങ്ങൾ മുതലായവയുടെ കണക്കുകൾ ചാർത്തിക്കൊടുത്തത്.

ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ ലോകപ്രസിദ്ധമാണ്‌. ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂര്‍വ ചടങ്ങാണ്‌. ദേവി രജസ്വലയാകുന്നു എന്നതാണ്‌ ഇതിന്റെ പിന്നിലുള്ള സങ്കല്‍പം. ആണ്ടില്‍ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌. എപ്പോഴെങ്കിലും ഉടയാടയില്‍ പാടുകണ്ടാല്‍ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ദേവീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക്‌ മാറ്റും. അതിനുശേഷം പ്രധാന ശ്രീകോവിലില്‍ നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും മൂന്നാം പക്കം പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് “തിരുപ്പൂത്താറാട്ട്‌”

( തുടരും )