ഇന്റർനെറ്റിനേക്കാൾ വേഗത്തിൽ കുതിച്ച് ‘ഡിജിറ്റൽ ഇന്ത്യ’: രാജ്യത്തെ 88 കോടി ജനങ്ങളും ഇന്റർനെറ്റിന്റെ സജീവ ഉപഭോക്താക്കൾ
രാജ്യത്ത് ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതി ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് രാജ്യത്തെ ഇന്റർനെറ്റ് മേഖല വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. അതായത്, 140 കോടി ജനങ്ങളിൽ 88 കോടി ജനങ്ങളും ഇന്റർനെറ്റിന്റെ സജീവ ഉപഭോക്താക്കളാണ്. വെറും ഏഴ് വർഷം കൊണ്ടാണ് ഇന്റർനെറ്റ് മേഖലയിൽ ലോക ശ്രദ്ധ പോലും ആകർഷിച്ച തരത്തിലുള്ള വളർച്ച നേടാൻ ഇന്ത്യയ്ക്ക് സാധിച്ചത്.
ഏഴ് വർഷം കൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. ആകെ ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും നഗരമേഖലയിൽ നിന്നുള്ളവരാണ്. ഗ്രാമീണ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലടകം ഇന്റർനെറ്റ് വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ഭാരത് നെറ്റ്, ഡിജിറ്റൽ ഇന്ത്യ, ബ്രാൻഡ് ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗത്തിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ സേവനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ട്രാൻസാക്ഷനുകൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഗ്രാമീണ മേഖലകളിലെ ചെറിയ കടകളിൽ മുതൽ വൻകിട ഷോപ്പിംഗ് മാളുകളിൽ വരെ ഇന്ന് യുപിഐ സേവനം ലഭ്യമാണ്.