എട്ടു വർഷം മുൻപ് ഹോളിവുഡ് നടൻ ജാമി ഫോക്സ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്ടോപ്പ് ബാറില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ജെയ്ൻ ഡോ എന്ന യുവതിയാണ് പരാതി നൽകിയത്.
ബാറിൽ വെച്ച് യുവതി ജാമി ഫോക്‌സിനൊപ്പം ഫോട്ടോകള്‍ എടുത്തിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും യുവതി പറയുന്നു. ഇതിനു ശേഷം തന്റെ ശരീരം മോഡലിന്റെതു പോലെയുണ്ടെന്നു പറഞ്ഞ് ജാമി ഫോക്സ് അഭിനന്ദിച്ചെന്നും തന്റെ ഗന്ധം ഏറെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
പിന്നീട് ജാമി ഫോക്സ് തന്നെ റൂഫ് ടോപിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് തന്റെ സ്വകാര്യ ഭാഗങ്ങളിൽ തെറ്റായ ഉദ്ദേശത്തോടെ സ്പർശിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. അവിടെ ഉണ്ടായിരുന്ന ചിലർ ഇത് കണ്ടെങ്കിലും മനപൂർവം കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്നും ജെയ്ൻ ഡോ പരാതിയിൽ ചൂണ്ടിക്കാട്ടി. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോക്‌സ് അനുവദിച്ചില്ല. ഒരു സെക്യൂരിറ്റി ജീവനക്കാരനും ഇതെല്ലാം കണ്ടെങ്കിലും ഇടപെട്ടില്ലെന്നും തുടര്‍ന്ന് തന്റെ സുഹൃത്ത് ഇത് ശ്രദ്ധിക്കുന്നു എന്ന മനസിലാക്കിയപ്പോഴാണ് ഫോക്സ് പിൻമാറിയതെന്നും ജെയ്ൻ പരാതിയില്‍ പറയുന്നു.
തനിക്ക് സംഭവിച്ച വേദന, മാനസിക ബുദ്ധിമുട്ടുകൾ, ഉത്കണ്ഠ, അപമാനം എന്നിവയ്‌ക്ക് നഷ്ടപരിഹാരം വേണണെന്നും ജെയ്ൻ ഡോ ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം, തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് (post traumatic stress) ഉണ്ടായി എന്നും ശരീരഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനാൽ ചികിൽസ തേടിയിരുന്നു എന്നും യുവതി ചൂണ്ടിക്കാട്ടി. റസ്റ്റോറന്റ് ഉടമ മാർക്ക് ബിൺബോമിനെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരെയും യുവതി വിമർശിക്കുന്നുണ്ട്.
എന്നാൽ, തനിക്കെതിരായ ആരോപണങ്ങളോട് ജാമി ഫോക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
l