പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഇൻസ്റ്റഗ്രാം
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്സിന് മാത്രമായി ഷെയർ ചെയ്യാവുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ ഫീച്ചറിന് ഉപഭോക്താക്കൾക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള കയ്യടി നേടാൻ സാധിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത്. അതേസമയം, വരും ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഉപകാരമായേക്കുന്നാണ് സൂചന. എന്നാൽ, ഇത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇൻസ്റ്റാഗ്രാം ഇതുവരെ പങ്കുവെച്ചിട്ടില്ല. വാട്സ്ആപ്പിന് സമാനമായ രീതിയിൽ പ്രൈവസി ഉറപ്പുവരുത്തുന്ന നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിലും എത്തിയിട്ടുണ്ട്.