ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങി: യുവാവ് പിടിയിൽ


ലക്നൗ: ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാൻ കുഴിവെട്ടിയ ഛോട്ടു (25) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിനൊപ്പം പ്രതി ഉറങ്ങുന്നത് കണ്ട കുട്ടിയുടെ പിതാവ്, പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

യുവാവിനെതിരെ ഐപിസി 297 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. അസുഖത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. പിന്നാലെ, കുട്ടിയെ പ്രദേശത്തെ ശ്മശാനത്തിൽ അടക്കം ചെയ്യുകയായിരുന്നു. അടുത്ത ദിവസം കുഴിമാടത്തിൽ ചെന്നപ്പോൾ മണ്ണ് മാറ്റിയ നിലയിൽ കണ്ട പിതാവ് മൃതദേഹം അതിനുള്ളിൽ ഇല്ലെന്ന് മനസിലാക്കി.

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്: വി ഡി സതീശൻ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പ്രതി ഒപ്പം ഉറങ്ങുന്നതു കണ്ടെത്തി. ഇയാൾ മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നും ‌പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് അ‍യച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രതിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.