കേശോറാം ഇൻഡസ്ട്രീസിന് കീഴിലുള്ള ബിർള ശക്തി സിമന്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാ ടെക് സിമന്റ്. സിമന്റ് വ്യവസായ മേഖലയിൽ വൻ വിപണി വിഹിതം സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ. ബിനാനി സിമന്റ്, സ്റ്റാർ സിമന്റ്, നാഷണൽ ലൈം സ്റ്റോൺ കമ്പനി എന്നിവരെ ഇതിനോടകം തന്നെ അൾട്രാ ടെക് സിമന്റ് ഏറ്റെടുത്തിട്ടുണ്ട്.
അൾട്രാ സിമന്റ് കമ്പനിയുടെ ഉൽപ്പാദന ശേഷി 13.25 കോടി ടണ്ണാണ്. അതേസമയം, കേശോറാമിന്റെ സിമന്റ് ശേഷി പ്രതിവർഷം ഒരു കോടി ടണ്ണുമാണ്. ബിർള സിമന്റിന് കീഴിൽ ഫയർബ്രിക്സ്, സൾഫ്യൂറിക് ആസിഡ്, സോഡിയം സൾഫേറ്റ്, കാർബൺ ഡൈ സൾഫേറ്റ് നിർമ്മാണ ഡിവിഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സിമന്റ് ഡിവിഷൻ മാത്രമാണ് അൾട്രാ ടെക് വാങ്ങാൻ പദ്ധതിയിടുന്നത്.
പ്രധാനമായും രണ്ട് രീതിയിലുള്ള ഏറ്റെടുക്കലാണ് അൾട്രാ ടെക് ലക്ഷമിടുന്നത്. കേശോറാമിന്റെ നിലവിലുള്ള പ്രമോട്ടർമാരുടെ ഓഹരി വാങ്ങുകയോ, കേശോറാമിന്റെ സിമന്റ് ബിസിനസ് വിഭാഗം ഏറ്റെടുക്കുകയും ചെയ്യാനാണ് സാധ്യത. അൾട്രാടെക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ അൾട്രാടെക് സിമന്റ് ഓഹരികൾ വലിയ തോതിൽ ഉയർന്നിട്ടുണ്ട്.