നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളില്‍ കൊഴുപ്പ് അടിയുന്നത്. മദ്യപാനം മൂലമുള്ളതിനെ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
പലരിലും ഫാറ്റി ലിവര്‍ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. രോഗം പുരോഗമിക്കുമ്പോള്‍, ചര്‍മ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. അമിതമായി മദ്യപിക്കുന്നവര്‍ക്ക് വയര്‍ വല്ലാതെ വീര്‍ത്ത് വരുന്നതായി തോന്നിയാല്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. ചിലരില്‍ വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഫാറ്റി ലിവറിന്റെ ഭാഗമായി ഉണ്ടാകാം. വയറിന്റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക. രക്തസ്രാവം ആണ് ചിലരില്‍ കാണുന്ന മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയാതാകുന്നതാണ് ഇതിനുള്ള കാരണം.
ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമാകാം. ക്ഷീണം, വയറിളക്കം, തുടങ്ങിയവയും ലക്ഷണങ്ങളാകാം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
1. റെഡ് മീറ്റ്, സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
2. മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക.
3. ചോക്ലേറ്റ്, ഐസ്‌ക്രീം, മിഠായികള്‍ പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് ഫാറ്റി ലിവറിനെ തടയാന്‍ നല്ലത്.
4. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
5. ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.
6. വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.
7. രാത്രി 7 മുതല്‍ 8 മണിക്കൂര്‍ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക.
8. സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികളും സ്വീകരിക്കുക.