രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് 3 ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ആർബിഐയുടെ നടപടി. 3 ബാങ്കുകൾക്കും കൂടി 10.34 കോടി രൂപയാണ് പിഴ ചുമത്തിയത്.
ബോധവൽക്കരണ ഫണ്ട് പദ്ധതി, സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സിറ്റി ബാങ്കിന് 5 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്ക് ഓഫ് ബറോഡ 4.34 കോടി രൂപയാണ് പിഴ ഇനത്തിൽ അടയ്ക്കേണ്ടത്. കോമൺ എക്സ്പോഷറുകളുടെ കേന്ദ്രശേഖരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ബാങ്ക് ഓഫ് ബറോഡയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത്. 1 കോടി രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ മുഴുവൻ ബാങ്കുകളുടെയും പ്രവർത്തനം കർശനമായി ആർബിഐ വീക്ഷിക്കുന്നുണ്ട്. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൻ തുകയാണ് ധനകാര്യസ്ഥാപനങ്ങൾക്ക് ആർബിഐ പിഴ ചുമത്തുന്നത്.