അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റാം! ചെയ്യേണ്ടത് ഇത്രമാത്രം


ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു ലൈവ് പേയ്മെന്റ് സംവിധാനം കൂടിയാണ് യുപിഐ. ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ നമ്പറോ, വെർച്വൽ പേയ്മെന്റ് അഡ്രസോ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ സാധിക്കും. യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാൻ പ്രത്യേക യുപിഐ പിൻ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ ഇടയ്ക്കിടെ മാറ്റേണ്ടത് അനിവാര്യമാണ്.

പ്രത്യേക ഇടവേളകളിൽ യുപിഐ പിൻ നമ്പർ മാറ്റുന്നതിലൂടെ ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്. നിങ്ങളുടെ ഡിവൈസ്, യുപിഐ ആപ്പ് എന്നിവ അനധികൃതമായി ആക്സസ് ചെയ്യപ്പെടുന്നുണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ യുപിഐ പിൻ മാറ്റണം. ഉപഭോക്താക്കൾക്ക് യുപിഐ പിൻ നമ്പർ എളുപ്പത്തിലും വേഗത്തിലും മാറ്റാവുന്നതാണ്. അവ എങ്ങനെയെന്ന് പരിചയപ്പെടാം.

  • സ്‌മാർട്ട്‌ഫോണിൽ യുപിഐ എനേബിൾ ചെയ്ത ആപ്പ് തുറക്കുക.
  • ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവോ ബാങ്ക് ആപ്പോ ആണ് യുപിഐ എനേബിൾ ആപ്പുകൾ.
  • തുടർന്ന് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  • ക്രെഡൻഷ്യൽസിൽ യുപിഐ ഐഡി, മൊബൈൽ നമ്പർ, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങൾ ഉൾപ്പെടുന്നു.
  • ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, യുപിഐ സർവ്വീസിലേക്കോ സെറ്റിംഗ്സിലേക്കോ പോവുക.
  • ഇവ സാധാരണയായി മെയിൻ മെനുവിൽ അല്ലെങ്കിൽ, ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നൽകിയിരിക്കും.
  • യുപിഐ സർവ്വീസ് മെനുവിൽ ചേഞ്ച് യുപിഐ പിൻ അല്ലെങ്കിൽ റീസെറ്റ് യുപിഐ പിൻ ഓപ്‌ഷൻ നോക്കുക.
  • നിലവിലെ യുപിഐ പിൻ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
  • നിലവിലെ യുപിഐ പിൻ നൽകിയ ശേഷം, ഒരു പുതിയ യുപിഐ പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും.
  • ശക്തവും സുരക്ഷിതവുമായ പിൻ തന്നെ തിരഞ്ഞെടുക്കുക.
  • സ്ഥിരീകരിക്കാൻ പുതിയ യുപിഐ പിൻ വീണ്ടും നൽകുക.
  • നിങ്ങൾ പുതിയ പിൻ നൽകി സ്ഥിരീകരിച്ച് കഴിഞ്ഞാൽ ചേഞ്ചുകൾ സബ്മിറ്റ് ചെയ്യുക.
  • നിങ്ങളുടെ യുപിഐ പിൻ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് ലഭിക്കും.