ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഗുരെസ് സെക്ടർ: താഴ്‌വരകളിൽ ആദ്യമായി വൈദ്യുത വിളക്കുകൾ തെളിഞ്ഞു


വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്‌വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് ഇത്തവണ വൈദ്യുതി എത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് ഗുരെസ് സെക്ടറിലെ താഴ്‌വരകൾ വൈദ്യുതി വിളക്കുകളാൽ പ്രകാശപൂരിതമായി മാറിയത്. നേരത്തെ ഈ പ്രദേശത്ത് വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെയാണ് ആശ്രയിച്ചിരുന്നത്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രദേശം കൂടിയാണ് കാശ്മീരിലെ ഈ താഴ്‌വരകൾ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശൈത്യകാലങ്ങളിൽ മാസങ്ങളോളമാണ് ഈ പ്രദേശം ഒറ്റപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കാശ്മീർ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. ഗുരെസ് സെക്ടറിലെ വിവിധ പഞ്ചായത്തുകളിലെ 1,500 ഉപഭോക്താക്കൾക്ക് 33/11 കെവി റിസീവിംഗ് സ്റ്റേഷൻ മുഖാന്തരമാണ് വൈദ്യുതി എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ കാശ്മീരിലെ വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിക്കുന്നതാണ്.