ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മൂന്ന് ദിവസം മുന്‍പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ അബില്‍ അവിവാഹിതനാണ്. ഇരുവരും പരസ്പരം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തീ പടർന്നുപിടിച്ചതോടെ ഇരുവരും അലറിവിളിച്ചു. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ ചവുട്ടി തുറന്ന് അകത്ത് കടന്നെങ്കിലും യുവതി മരണപ്പെട്ടിരുന്നു. നാട്ടുകാർ തന്നെയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരുടെയും അവിഹിതബന്ധത്തെ കുറിച്ച് സൗമിനിയുടെ ഭർത്താവ് അറിഞ്ഞിരിക്കാമെന്നും ഇതിനെ തുടർന്നാകാം ആത്മഹത്യയെന്നുമാണ് പോലീസ് കരുതുന്നത്. ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂര്‍ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.