നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുന്നു, ബഹിരാകാശ യാത്രികരെ ഉടൻ ചന്ദ്രനിലിറക്കില്ല


അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ്-3 ദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് ആർട്ടെമിസ്-3. 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇവ ഉടൻ തന്നെ വിക്ഷേപിക്കുകയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2027ഓടേയാണ് ആർട്ടെമിസ്-3 വിക്ഷേപിക്കാൻ സാധ്യത. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ നേരിടുന്നതിനാലാണ് ദൗത്യം വൈകുന്നത്. ലൂണാർ ലാൻഡറും, സ്പേസ് സ്യൂട്ടുകളും നിർമ്മിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് നാസ വ്യക്തമാക്കി. ഇതിനെ തുടർന്ന് ചില പരീക്ഷണ ഘട്ടങ്ങൾ പോലും വൈകിയിട്ടുണ്ട്. അതേസമയം, 79 മാസത്തിനുള്ളിൽ ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റം നിർമ്മാണം പൂർത്തിയാക്കാൻ നാസ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, നേരിടുന്ന വെല്ലുവിളികൾ കാരണം സമയബന്ധിതമായി ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയും ശാസ്ത്രജ്ഞർ പങ്കുവെച്ചിട്ടുണ്ട്. ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി 13 പരീക്ഷണ ദൗത്യങ്ങളാണ് ഉള്ളത്. ഇതിൽ 8 എണ്ണം ഇതിനോടകം തന്നെ വൈകിയിട്ടുണ്ട്.