യുഎഇ ദേശീയ ദിനാഘോഷം: രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്


നെടുമ്പാശ്ശേരി: യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് 15 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടത്തുന്ന ബുക്കിംഗുകൾക്കാണ് ഇളവുകൾ നൽകുന്നത്. 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ഈ ഇളവുകൾ ലഭിക്കുന്നതാണ്. അതേസമയം, എയർലൈനിന്റെ മൊബൈൽ ആപ്പിലും, ഔദ്യോഗിക വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്നവർക്ക്, യാത്രാ സമയത്ത് സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കുന്നതാണ്.

ആഴ്ചയിൽ 195 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇലേക്ക് നടത്തുന്നത്. 80 സർവീസുകൾ ദുബായിലേക്കും, 77 സർവീസുകൾ ഷാർജയിലേക്കും, 31 സർവീസുകൾ അബുദാബിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. കൂടാതെ, യുഎഇയിലെ അൽ ഐനിലേക്ക് 2 സർവീസുകളും, റാസൽഖൈമയിലേക്ക് 5 സർവീസുകളും ഉണ്ട്. 29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവ ഉൾപ്പെടെ 57 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിവിധ രാജ്യങ്ങളിലേക്ക് പ്രതിദിനം 300-ലധികം വിമാന സർവീസുകളാണ് നടത്തുന്നത്.