അഡ്വഞ്ചർ ട്രിപ്പിനിടെ അച്ചൻകോവിൽ ഉൾവനത്തിൽ കുടുങ്ങിയ 30 വിദ്യാർത്ഥികളെയും 3അധ്യാപകരെയും രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കൊല്ലം: ട്രക്കിങ്ങിനിടെ അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സംഭവത്തിൽ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിൽ നിന്നും പോയ 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് വഴിതെറ്റി കുടുങ്ങിയത്. വനത്തിൽ പെട്ടുപോയ ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീളും.
മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയെത്തിയ സ്കൗട്ട് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഉൾവനത്തിൽ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു കിലോമീറ്ററിനുള്ളിൽവെച്ചാണ് ഇവരെ കണ്ടെത്തിയത്.
കുട്ടികൾ അവശരായ നിലയിലാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും റെയ്ഞ്ച് ഇല്ലാത്തതിനാൽ മറ്റാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. പുറത്തേക്കെത്താൻ വിദ്യാർത്ഥികൾ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയിൽ ആനയെ കണ്ടതിനാൽ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു. കണ്ടെത്തിയ വിദ്യാർഥികളെ പുറത്തേക്കെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.