ഇന്ത്യക്കാർക്ക് പ്രിയം ഹൈബ്രിഡ് കാറുകളോട്, വിൽപ്പന കുതിക്കുന്നു


ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങളെ മറികടന്നാണ് ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ വിൽപ്പന കുതിച്ചുയരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങാനാണ് ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ടോയോട്ട അർബൻ ക്രൂയിസർ ഹൈർഡർ, ടൊയോട്ട ഇന്നോവയുടെ ഹൈക്രോസ്, ഹോണ്ടാ സിറ്റി എന്നിവയാണ് വിൽപ്പനയിൽ മുൻപന്തിയിൽ ഉള്ള മോഡലുകൾ.

മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങളോട് പ്രതിപത്തി കൂടിയതോടെയാണ് ഇത്തരം മോഡലുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ചേർന്ന് 24,062 ഹൈബ്രിഡ് കാറുകളാണ് വിറ്റഴിച്ചിട്ടുള്ളത്. പലയിടങ്ങളിലും ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ വൈദ്യുത വാഹനങ്ങൾ വാങ്ങുന്ന പ്രവണത ക്രമേണ കുറഞ്ഞിരിക്കുകയാണ്.

വിപണിയുടെ ട്രെൻഡ് ഹൈബ്രിഡ് വാഹനങ്ങൾക്ക് പിന്നാലെ ആയതിനാൽ, ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള നീക്കങ്ങൾക്ക് മാരുതി സുസുക്കി തുടക്കമിട്ടിട്ടുണ്ട്. ആകർഷകമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയും, ഗംഭീര ഓഫറുകൾ നൽകിയും ഹൈബ്രിഡ് വാഹന വിപണി പരിപോഷിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. ഈ മേഖലയിൽ മത്സരം കടുക്കാൻ സാധ്യതയുള്ളതിനാൽ മറ്റ് വാഹന നിർമ്മാതാക്കളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.