ഡിസംബർ മാസം എത്തിയതോടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. ഇത്തവണ ‘ഡിസംബർ ഓർക്കാൻ’ എന്ന പേരിലാണ് പുതിയ ഓഫറിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്ന ടൂ വീലർ മോഡലായ എസ്1 എക്സ് പ്ലസ് 20,000 രൂപയുടെ കിഴിവിൽ വാങ്ങാൻ സാധിക്കും. ഓഫറുകൾ മുഴുവനും ക്ലെയിം ചെയ്താൽ 89,999 രൂപയ്ക്ക് ഒല എസ്1 എക്സ് പ്ലസ് വാങ്ങാനാകും. 151 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന 3കെഡബ്ല്യുഎച്ച് ബാറ്ററിയാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണീയത.
തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ്, ഇഎംഐകളിൽ 5,000 രൂപ ഡിസ്കൗണ്ട്, സീറോ ഡൗൺ പേയ്മെന്റ്, സീറോ പ്രോസസിംഗ് പേയ്മെന്റ്, 6.99 പലിശ നിരക്ക് തുടങ്ങിയ ഓഫറുകളും ലഭ്യമാണ്. എസ്1 എക്സ് പ്ലസിൽ പ്രധാനമായി മൂന്ന് വേരിയന്റുകളാണ് ഉള്ളത്. എക്സ് പ്ലസ്, എക്സ് (3കെ ഡബ്ല്യുഎച്ച്), എക്സ് (2കെ ഡബ്ല്യുഎച്ച്) എന്നിവയാണ് മൂന്ന് മോഡലുകൾ. ഉപഭോക്താക്കൾക്ക് 999 രൂപയ്ക്ക് ഇവ ബുക്ക് ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് നൽകുന്ന ഓഫറുകൾ പരിമിതമായിരിക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്.