പ്രൊഫൈൽ വിവരങ്ങൾ കാണാൻ ഇനി ചാറ്റ് ഇൻഫർമേഷൻ സ്ക്രീനിൽ പോകേണ്ട! പകരം ഈ ഫീച്ചർ എത്തുന്നു


ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താവിന്റെ പ്രൊഫൈൽ വിവരങ്ങൾ എളുപ്പത്തിൽ കാണാൻ കഴിയുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചാറ്റിൽ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി പുറത്തിറക്കുന്നത്. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ, ചാറ്റ് ഇൻഫോർമേഷൻ സ്ക്രീനിൽ പോയാൽ മാത്രമാണ് പ്രൊഫൈൽ വിവരങ്ങൾ ഉപഭോക്താവിന് ലഭ്യമാകുകയുള്ളൂ. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ചാറ്റിൽ തന്നെ മുഴുവൻ വിവരങ്ങളും കാണാനാകും. ആരെങ്കിലും പ്രൊഫൈൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ പോലും, അവ അറിയാൻ സാധിക്കുന്നതാണ്. അതേസമയം, ഉപഭോക്താക്കളുടെ സ്വകാര്യത കൂടി കണക്കെടുത്താണ് ഈ ഫീച്ചർ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുകയുള്ളൂ.

ഉപഭോക്താവ് ആർക്കാണ് മെസേജ് ചെയ്യുന്നത്, അവർ ഓൺലൈനിൽ ഇല്ലെങ്കിൽ പോലും പ്രൊഫൈൽ വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ ദീർഘ നാളായുള്ള ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് വാട്സ്ആപ്പ് എത്തിയത്. ഇതോടെ, പ്രൊഫൈൽ വിവരങ്ങൾ എളുപ്പം മനസ്സിലാക്കിയതിനു ശേഷം ആളുകളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.