സാധാരണക്കാർക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. മറ്റു കമ്പനികളെ അപേക്ഷിച്ച് ഇപ്പോൾ 4ജി, 5ജി കണക്ടിവിറ്റി ലഭ്യമല്ലെങ്കിലും, ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകൾ തിരയുന്നവർക്ക് ബിഎസ്എൻഎൽ മികച്ച ഓപ്ഷൻ തന്നെയാണ്. ഇപ്പോഴിതാ കുറഞ്ഞ ചെലവിൽ കിടിലനൊരു റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി വെറും 18 രൂപ മാത്രമാണ് ചെലവഴിക്കേണ്ടത്. പ്ലാനിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പരിചയപ്പെടാം.
18 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീ-പെയ്ഡ് വരിക്കാർക്ക് ബിഎസ്എൻഎൽ രണ്ട് ദിവസം വാലിഡിറ്റി ഉള്ള പാക്കേജാണ് നൽകുന്നത്. ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോളുകളും, പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഈ ഡാറ്റയുടെ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് 80kbps വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാനാകും. അത്യാവശ്യ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇവ അനുയോജ്യമാണ്. അതേസമയം, ബിഎസ്എൻഎൽ 18 രൂപയുടെ ഐഎസ്ഡി പ്രീപെയ്ഡ് പ്ലാൻ കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇവ വോയിസ് കോൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് പ്ലാനുകളും തമ്മിൽ ആനുകൂല്യങ്ങളിൽ വ്യത്യാസം ഉള്ളതിനാൽ, വാലിഡിറ്റിയും മറ്റും പരിശോധിച്ചുറപ്പിച്ച് മാത്രമാണ് റീചാർജ് ചെയ്യാൻ പാടുള്ളൂ.