ദില്ലി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗർ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഈ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.
അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മരിച്ച നാലുപേരും സുഹൃത്തുക്കളും സമീപ വീടുകളിലുള്ളവരുമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.