ന്യൂഡൽഹി: സൗദിയിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർക്കായാണ് കുറഞ്ഞ നിരക്കിലുള്ള സർവീസുകൾക്ക് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റാബിയ പുറത്തുവിട്ടിട്ടുണ്ട്. ന്യൂനപക്ഷ വനിതാ ശിക്ഷേമ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റാബിയ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഹജ്ജ് തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്ത്യയിൽ മൂന്ന് വിസ കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, സൗകര്യങ്ങളും കൂട്ടും. ഇക്കുറി വിസാ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ, 47 ശതമാനം ഹജ്ജ് തീർത്ഥാടകർ യാത്ര തിരിച്ചിട്ടുണ്ട്. ഹജ്ജ് തീർത്ഥാടനം ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ നിർണായ വഹിക്കുന്നുണ്ടെന്ന് മന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.