ചെലവ് ചുരുക്കാൻ സ്പോട്ടിഫൈ! കൂട്ടപ്പിരിച്ചുവിടൽ ഉടൻ, തൊഴിൽ നഷ്ടമാകുക ആയിരത്തിലധികം പേർക്ക്


പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ കൂട്ടപിരിച്ചുവിടലുമായി രംഗത്ത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി വിവിധ തസ്തികകൾ വെട്ടിച്ചുരുക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ, 1700-ലധികം ജീവനക്കാർക്കാണ് സ്പോട്ടിഫൈയിൽ നിന്നും പടിയിറങ്ങേണ്ടി വരിക. ആഗോളതലത്തിൽ 17 ശതമാനം ജീവനക്കാരെ പുറത്താക്കാനാണ് കമ്പനിയുടെ നീക്കം. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിലൂടെ കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, അനാവശ്യ ചെലവുകൾ പരമാവധി കുറയ്ക്കാനുമാണ് തീരുമാനം.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സ്പോട്ടിഫൈ സിഇഒ ഡാനിയൽ എക് പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനം മികച്ച രീതിയിലാണെങ്കിലും, ആഗോള സമ്പദ് വ്യവസ്ഥ അനുകൂലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നത് മാത്രമാണ് കമ്പനിയുടെ മുന്നിലുള്ള മാർഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിൽ നിന്ന് തൊഴിൽ നഷ്ടമാകുന്ന മുഴുവൻ ജീവനക്കാർക്കും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതാണ്. ഇതിനുമുൻപും സ്പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വർഷം ജൂണിൽ പോഡ്കാസ്റ്റ് യൂണിറ്റിൽ നിന്നുള്ള 200 ഓളം ജീവനക്കാരെയാണ് പുറത്താക്കിയത്.