ആഗോള തലത്തിലെ നാലാമത്തെ വലിയ ഇൻഷുറൻസ് ഭീമനെന്ന പദവി സ്വന്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പ്രമുഖ ധനകാര്യ വിവര സേവന ദാതാക്കളായ എസ് ആൻഡ് പി ഗ്ലോബൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് എൽഐസി നാലാമത്തെ വലിയ ഇൻഷുറൻസ് കമ്പനിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ 50 ഇൻഷുറൻസ് കമ്പനികളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എൽ ആൻഡ് പി ഇൻഷുറൻസ് കമ്പനികളുടെ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
എൽഐസിയുടെ കരുതൽ ശേഖരം 50,307 കോടി ഡോളറാണ്. 75,020 കോടി ഡോളർ കരുതൽ ശേഖരവുമായി ജർമ്മനിയിലെ അലിയൻസ് എസ്.ഇ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചൈന ലൈഫ് ഇൻഷുറൻസ് കമ്പനി (61,690 കോടി ഡോളർ), ജപ്പാനിലെ നിപ്പോൺ ലൈഫ് ഇൻഷുറൻസ് (536.80) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. എസ് ആൻഡ് പി ലിസ്റ്റിലെ 50 ആഗോള ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ 21 എണ്ണവും യൂറോപ്യൻ കമ്പനികളാണ്. ഓരോ രാജ്യങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനികളുടെ എണ്ണം കണക്കാക്കുമ്പോൾ അമേരിക്കയാണ് മുൻപന്തിയിൽ. അമേരിക്കയിലെ 8 ഇൻഷുറൻസ് കമ്പനികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. യുകെയിൽ നിന്ന് 7 കമ്പനികളും ലിസ്റ്റിൽ ഇടം നേടി.