ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമനും, പട്ടികയിൽ ഇടം നേടുന്നത് തുടർച്ചയായ അഞ്ചാം തവണ


ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. ഫോബ്സ് മാഗസിനാണ് ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക തയ്യാറാക്കിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ശക്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമൻ ഇടം നേടുന്നത്. 32-ാം സ്ഥാനമാണ് കരസ്ഥമാക്കിയത്. മുൻ വർഷം 36-ാം സ്ഥാനത്തായിരുന്നു. എച്ച്സിഎൽ ടെക് ചെയർപേഴ്സൺ രോഷ്നി നാടാർ മൽഹോത്ര (60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (70), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർഷാ (76) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ വനിതകൾ.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. മുൻ വർഷവും ഉർസുല വോൺ ഡെർ ലെയ്ൻ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് തൊട്ടുപിന്നിൽ. ആദ്യ അഞ്ചിൽ ഇടം നേടുന്ന വിനോദ രംഗത്തെ ആദ്യ വനിത കൂടിയാണ് ടെയ്‌ലർ സ്വിഫ്റ്റ്.