കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങള്‍ ആരോ ചോര്‍ത്തി നല്‍കിയെന്നും തീരുമാനങ്ങള്‍ എന്ന നിലയ്ക്കല്ല സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കലിന് മുന്നോടിയായുള്ള ശില്‍പശാലയിലായിരുന്നു മൂല്യനിര്‍ണയം സംബന്ധിച്ച് എസ് ഷാനവാസിന്റെ വിമര്‍ശനം.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തില്‍ പറയുന്നത് സര്‍ക്കാര്‍ നയമല്ല. തോല്‍പ്പിച്ച് യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനം. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവര്‍ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാര്‍ക്ക് വരെ ഔദാര്യം നല്‍കാം. അതിനുശേഷം ഉള്ള മാര്‍ക്ക് നേടി എടുക്കേണ്ടതാണെന്നായിരുന്നു പരാമര്‍ശം.