പലരും വയറുവേദനയെ നിസാരമായാണ് കാണാറുള്ളത്. സാധാരണയായി വയറുവേദനയുണ്ടാകുമ്പോൾ വീട്ടിലെ പൊടിക്കൈകൾ കൊണ്ട് ശമനം കണ്ടെത്താറാണ് പതിവ്. ചിലർക്ക് ഇടക്കിടെ വരുന്ന വയറുവേദന ഗ്യാസിന്റെയാകുമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് പതിവ്. വിശക്കുമ്പോഴും ചിലർക്ക് വയറുവേദനയുണ്ടാകാറുണ്ട്. അതുപോലെ വയറുനിറയെ ഭക്ഷണം കഴിച്ചാലും ഇടക്കിടെ പ്രശ്നം ഉണ്ടാകുന്നതും സാധാരണമാണ്.
എന്നാൽ, ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ ചിലപ്പോൾ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനയാകാം. വയറിളക്കം, ഛർദ്ദി എന്നിവയോടൊപ്പം വരുന്ന വയറുവേദനയുടെ കാരണം ഭക്ഷ്യവിഷബാധയാകാം. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച ഉടനെ തന്നെ പ്രകടമാകണമെന്നില്ല. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്കുശേഷമോ രോഗലക്ഷണങ്ങൾ പ്രകടമാകാം.
ഇടക്കിടെയുള്ള വയറുവേദന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ ലക്ഷണമാകാം. വയറുവേദന, ക്ഷീണം, പെട്ടെന്ന് ഭാരം കുറയൽ, ബലഹീനത എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ഗുരുതരമായ കരൾ തകരാറിലേക്ക് നയിക്കുകയും ഇതോടൊപ്പം പ്രമേഹം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
അപ്പെൻഡിസൈറ്റിസാണ് വയറുവേദനയുടെ ലക്ഷണം കാണിക്കുന്ന മറ്റൊരു രോഗം. അടിവയറിന്റെ താഴെ വലതുഭാഗത്ത് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. വയറിന് നടുവിലുള്ള വേദനയോടു കൂടിയാണ് അപ്പെൻഡിസൈറ്റിസ് സാധാരണയായി തുടങ്ങുക. മണിക്കൂറുകൾക്കുള്ളിൽ, വേദന അസഹനീയവും കഠിനവുമാകുന്നു.
അസഹ്യമായ വയറുവേദന ഇറിറ്റബിൾ ബവൽ സിൻഡ്രോംഎന്ന രോഗത്തിന്റെയും ലക്ഷണമാകാം. നമ്മുടെ ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗത്തെ ബവൽ എന്നാണ് പറയുക. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ ഐബിഎസ്. വയറുവേദന, വയറിനുള്ളിൽ ഗ്യാസ് നിറയൽ, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം എന്നിവാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.