വിവിധ ആവശ്യങ്ങൾക്കായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എന്നാൽ, ഒരാൾക്ക് പരമാവധി എത്ര ബാങ്ക് അക്കൗണ്ട് വരെ തുറക്കാമെന്നത് പലർക്കും ഉണ്ടാകാവുന്ന സംശയങ്ങളിൽ ഒന്നാണ്. ഒരു വ്യക്തിക്ക് തന്റെ പേരിൽ എത്ര അക്കൗണ്ടുകൾ തുറക്കാം എന്നതിനെ കുറിച്ച് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.
ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനാകും. കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഒരു വ്യക്തിക്ക് തുറക്കാൻ കഴിയുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് ഒരു നിശ്ചിത പരിധി ഇല്ല. ഏതൊരു വ്യക്തിക്കും അവരുടെ ആവശ്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാവുന്നതാണ്. അതുകൊണ്ടുതന്നെ നിശ്ചിത എണ്ണത്തെക്കുറിച്ച് ആർബിഐ ഇതുവരെ പരാമർശിച്ചിട്ടില്ല. അതേസമയം, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ എടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. ബാങ്കിന്റെ എല്ലാ നിയമങ്ങളും പാലിച്ചതിന് ശേഷം മാത്രമാണ് അക്കൗണ്ടുകൾ തുറക്കാവൂ.