സ്വർണവും പ്ലാറ്റിനവും ഉപയോഗിച്ച് നിർമ്മാണം, അലങ്കരിച്ചിരിക്കുന്നത് വജ്രങ്ങൾ കൊണ്ട്! ലോകത്തിലെ ആഡംബര കപ്പൽ ഇതാണ്
അത്യാധുനിക സംവിധാനങ്ങൾ ഉള്ള ആഡംബര ഹോട്ടലുകളും റിസോർട്ടുകളും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ, ഇത്തവണ ചർച്ചയായി മാറിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ ഹിസ്റ്ററി സുപ്രീം ആണ്. സ്വർണവും പ്ലാറ്റിനവും ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. 100 അടി നീളമുള്ള ഈ നൗകയിൽ നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഏകദേശം 480 കോടി ഡോളർ ചെലവിലാണ് ഹിസ്റ്ററി സുപ്രീം എന്ന ആഡംബര കപ്പൽ നിർമ്മിച്ചിരിക്കുന്നത്. സ്വർണം, പ്ലാറ്റിനം എന്നിവയോടൊപ്പം 2,20,462 പൗണ്ട് വിലപിടിപ്പുള്ള മറ്റൊരു ലോഹവും കപ്പലിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
മൂന്ന് വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം 10000 കിലോഗ്രാം സ്വർണവും പ്ലാറ്റിനവും കൊണ്ട് നിർമ്മിച്ച ഈ കപ്പലിലെ പ്രധാന ആകർഷകണങ്ങളിൽ ഒന്ന് ബെഡ്റൂം തന്നെയാണ്. ബെഡ്റൂമിൽ 18.5 കാരറ്റ് വജ്രം പതിപ്പിച്ച മദ്യക്കുപ്പിയും, 68 കിലോഗ്രാം സ്വർണം കൊണ്ട് നിർമ്മിച്ച അക്വേറിയവും ഉണ്ട്. നിലവിൽ, ഈ ആഡംബര കപ്പലിൽ ഒരു രാത്രി താമസിക്കാൻ എത്ര രൂപ ചെലവാകും എന്നതിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.